വെബ് ഡെസ്ക് 15 hours, 9 minutes
പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ അധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പരാതി നൽകി കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയെയും ജില്ലാ പ്രസിഡൻ്റിനെയും സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. എസ്പിക്കാണ് ഡിസിസി പരാതി നൽകിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. എതിർ രാഷ്ട്രീയ ചേരിയിലുള്ളവരാണ് പോസ്റ്ററുകൾക്ക് പിന്നിൽ. രാഷ്ട്രീയ ഗുഢാലോചനയും സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോൺഗ്രസിനേയും പാർട്ടി പ്രസിഡൻ്റിനേയും അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡൻ്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുള്ളത്. സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ടാണ് ഇവ എഴുതിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ തങ്കപ്പനെതിരെ വലിയ രീതിയിൽ വിമർശനവും സൈബർ ആക്രമണവും നടന്നുവരികയാണ്. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺഗ്രസ് മുന്നോട്ട് വന്നത്.