വെബ് ഡെസ്ക് 15 hours, 26 minutes
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, അറസ്റ്റിലായ കണ്ഠര് രാജീവരെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ ഹാജരാക്കി. തേവള്ളിയിലെ ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് അൽപ്പസമയം മുമ്പ് ഹാജരാക്കിയത്.പോറ്റിയെ തന്ത്രിയാണ് പരിചയപ്പെടുത്തിയതെന്നാണ് പത്മകുമാറിന്‍റെ മൊഴി. ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടു പോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, കേസിൽ പ്രതിഭാഗം ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്കുശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി കൊണ്ടുവന്നു. വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റിൽ തന്ത്രി രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മാധ്യമങ്ങളൂടെ കൂടുതൽ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. വൈദ്യപരിശോധനക്കുശേഷമാണ് എസ്ഐടി സംഘം തന്ത്രിയെ കൊല്ലത്തേക്ക് കൊണ്ടുപോയത്. തന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. ബിപി, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും തന്ത്രി അറിയിച്ചു.