വെബ് ഡെസ്ക് 15 hours, 36 minutes
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ ഫൈനല്‍ നഷ്ടമായ ഇന്ത്യക്ക് ഇത്തവണയും ഫൈനലിലെത്താനുള്ള സാധ്യത മങ്ങി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇതുവരെ 9 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നിലവില്‍ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 9 ടെസ്റ്റില്‍ നാലു വീതം ജയവും തോല്‍വിയും ഒരു സമനിലയമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ജയവും നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ട് ജയവും മാത്രണ് 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ നേടിയത്.ന്യൂസിലന്‍ഡിനും ശ്രീലങ്കക്കുമെതിരെ നാല് എവേ ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ 5 ടെസ്റ്റുകളടങ്ങിയ പരമ്പരയുമാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. ഓഗസ്റ്റിലാണ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ കളിക്കും. അടുത്ത വര്‍ഷം ജനുവരയിലാണ് ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പര. ആഷസ് പരമ്പര കഴിഞ്ഞതോടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്താന്‍ ഓസ്ട്രേലിയയുടെ സാധ്യതകള്‍ 91 ശതമാനമായി വര്‍ധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇനി ആറ് ഹോം ടെസ്റ്റുകളടക്കം 14 ടെസ്റ്റുകളാണ് ഓസ്ട്രേലിയക്ക് കളിക്കാനുള്ളത്. ഇതില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ ഓസീസിന് വീണ്ടും ഫൈനലിലെത്താം. ഇന്ത്യയെ ഇന്ത്യയില്‍ തറപറ്റിച്ച നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെത്താന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. എട്ട് ഹോം ടെസ്റ്റുകള്‍ അടക്കം 10 ടെസ്റ്റുകൾ കളിക്കാനുള്ള ദക്ഷിണാഫ്രിക്കക്ക് ഫൈനലിലെത്താന്‍ 71 ശതമാനം സാധ്യതയാണുള്ളത്.