വെബ് ഡെസ്ക് 15 hours, 26 minutes
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗ്ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്.മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസിന്റെ എതിർപ്പ് ഭയന്നാണ് അന്ന് ആന്റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാതിരുന്നത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വർഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എകെ ബാലന്റെ നിരീക്ഷണത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യു.ഡി.എഫ് വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുമെന്ന ബാലന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ബാലന് പ്രതിരോധം തീർത്തത്.