വെബ് ഡെസ്ക് 4 days, 1 hour
പരുക്കേറ്റു പുറത്തായ താരങ്ങൾക്കു പകരം ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ പുതിയ താരങ്ങളെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ്.ലോക്കി ഫെർഗൂസനും മാക്സ്‍വെല്ലിനും പകരം വിദേശ താരങ്ങളെ കണ്ടെത്താൻ പഞ്ചാബ് കിങ്സിന് ഇതുവരെ സാധിച്ചിട്ടില്ല. മികവുള്ള വിദേശ താരങ്ങൾ പാക്കിസ്ഥാൻ സൂപ്പർ ലീഗ് കളിക്കുന്നതിനാൽ ഐപിഎലിലേക്കു താരങ്ങളെ കിട്ടുന്നില്ലെന്നാണ് പോണ്ടിങ്ങിന്റെ പരാതി. പഞ്ചാബ് കിങ്സിന്റെ ഓസ്ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെൽ വിരലിനു പരുക്കേറ്റു പുറത്തായിരുന്നു. ഐപിഎലിന്റെ തുടക്കത്തിൽ കിവീസ് പേസർ ലോക്കി ഫെര്‍ഗൂസനും പരുക്കേറ്റതിനെ തുടർന്ന് ടീം വിട്ടിരുന്നു. പുതിയ താരങ്ങള്‍ ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് റിക്കി പോണ്ടിങ് പ്രതികരിച്ചു. ‘‘ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഇതേ സമയത്താണു നടക്കുന്നത്. അതുകൊണ്ടു തന്നെ മികവുള്ള താരങ്ങൾ ഒരുപാടൊന്നും ഇവിടെയില്ല. സത്യം പറഞ്ഞാൽ നല്ല താരങ്ങളെ കിട്ടാത്തതിന് പാക്കിസ്ഥാൻ സൂപ്പർ ലീഗും കാരണമാണ്.’’