ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്ന സ്ഥിതിയാണ് നിലവിൽ. എന്നാൽ രണ്ടാം ദിനത്തിൽ പരിക്ക് വക വയ്ക്കാതെ പന്ത് ബാറ്റിങിനു ഇറങ്ങി. ആരാധകർ നീണ്ട കൈയടികളോടെയാണ് പന്തിനെ ക്രീസിലേക്ക് നയിച്ചത്. താരത്തിന്റെ പോരാട്ട വീര്യത്തെ മുൻ ഇന്ത്യൻ താരങ്ങളും അഭിനന്ദിക്കുന്നു.
    'നിങ്ങളുടെ വിരൽ എങ്ങനെയുണ്ടെന്നു ടെസ്റ്റിന് മുമ്പ് ഞാൻ പന്തിനോടു ചോദിച്ചിരുന്നു. കളിക്കുമോ എന്നും ചോദിച്ചു. വിരലൊടിഞ്ഞാലും കളിക്കുമെന്ന മറുപടിയാണ് എനിക്കു നൽകിയത്. അദ്ദേഹത്തിന്റെ ആ തീരുമാനം ടീമിനു വേണ്ടിയാണ്. അത്തരം നിമിഷങ്ങൾ പ്രചോദിപ്പിക്കുന്നതാണ്.'