മസ്കിന്റെ ടെസ്ല വരട്ടെ ഒരെണ്ണം എടുത്തേക്കാമെന്ന് കരുതിയ പലരും വില കേട്ടപ്പോൾ ഞെട്ടിയിരിക്കുകയാണ്. അമേരിക്കയിൽ പ്രാരംഭ വില 32 ലക്ഷമുള്ള മോഡൽ Y RWD (റിയർ വീൽ ഡ്രൈവ്) ഏകദേശം ആ വിലയ്ക്ക് തന്നെ വീട്ടിലെത്തിക്കാമെന്ന് കരുതിയവർ പെട്ടിരിക്കുകയാണ്. അമേരിക്കയിൽ $37,490 ആണ് പ്രസ്തുത മോഡലിന്റെ വില തുടങ്ങുന്നത്. അതായത് 32 ലക്ഷം ഇന്ത്യൻ രൂപ.
    എന്നാൽ നിലവിൽ, ഈ മോഡലിന് ഇന്ത്യയിൽ വില 59.89 ലക്ഷം നൽകണം. ഡോളറിൽ പറഞ്ഞാൽ 15,000 ഡോളറോളം വ്യത്യാസം. ഇന്ത്യയിലേക്ക് പൂർണമായും ചൈനയിൽ നിർമിച്ച യൂണിറ്റുകൾ (CBU) ആണ് എത്തുന്നത്. അതിന് ഇറക്കുമതി തീരുവ ബാധകമാണ്. ആ തീരുവ കൂടി ചേരുമ്പോഴാണ് വൻ വില കൊടുക്കേണ്ടി വരുന്നത്. ഇവിടെ നിർമിക്കുകയായിരുന്നെങ്കിൽ ഏകദേശം അമേരിക്കയിലെ വിലയിലൊക്കെ ടെസ്ല ലഭിക്കുമായിരുന്നു.
ഇതിന്റെ കണക്കൊന്ന് നോക്കിയാൽ കാറിന്റെ CIF(ചെലവ്,ഇൻഷുറൻസ്,ചരക്ക് കൂലി) 40,000 ഡോളറിന് മുകളിലെങ്കിൽ ടെസ്ല യൂണിറ്റൊന്നിന് 100% ഇറക്കുമതി തീരുവ നൽകേണ്ടി വരും. എന്നാൽ വില 40,000 ഡോളറിന് താഴെയെങ്കിൽ 70% ആയിരിക്കും ഇറക്കുമതി തീരുവ. ലോങ് റേഞ്ച് റിയർ വീൽ ഡ്രൈവ് മോഡലാണെങ്കിൽ വില 68 ലക്ഷമാകും.
ഇന്ത്യയിലെ ഉയർന്ന തീരുവയെ മസ്ക് വർഷങ്ങൾക്ക് തന്നെ വിമർശിച്ചിരുന്നു.