വെബ് ഡെസ്ക് 17 hours, 19 minutes
വാഷിംഗ്ടൺ: പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കെതിരെയും അമേരിക്കൻ പ്രസിഡന്‍റ് രൂക്ഷ വിമർശനം ഉന്നയിച്ചു. ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്തവരും, രാഷ്ട്രീയ കളിപ്പാവകളും, ദേശസ്‌നേഹമില്ലാത്തവരുമെന്നും ട്രംപ് വിമർശിച്ചു. ചില വിദേശ താല്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും ഗുരുതര ആരോപണം. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമെന്നും ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ, അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുല്ള താരിഫ് 18 ശതമാനമായി. കോടതി വിധിക്ക് പിന്നാലെയാണ് പ്രഖ്യാപനം.ട്രംപിന് കനത്ത പ്രഹരമായി സുപ്രീംകോടതി വിധി വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ചുമത്തിയ താരിഫുകളാണ് യുഎസ് സുപ്രീംകോടതി റദ്ദാക്കിയത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു. യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.