വെബ് ഡെസ്ക് 12 hours, 40 minutes
മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ചോദ്യവുമായി രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകിയ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, പുതുതായി പ്രഖ്യാപിച്ച 7 ഹൈസ്പീഡ് പദ്ധതിയിൽ ശ്രീധരന്റെ ഉപദേശം സ്വീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കി.''ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നു, ശ്രീധരൻ തന്നെ നയിക്കുന്നതിൽ അഭിമാനിക്കുന്നു', ഇപ്പോഴും ഉപദേശം സ്വീകരിക്കാറുണ്ട്. കേരളത്തിൽ ശ്രീധരൻ ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുന്നു. രാജ്യത്തിനും റെയിൽവേയ്ക്കും സഹായമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാൽ, ജോൺ ബ്രിട്ടാസ് വാക്ചാതുര്യമുള്ളയാളാണെന്നും എപ്പോഴും വിഷയങ്ങളെ വളച്ചൊടിച്ച് തെറ്റായി ചിത്രീകരിക്കുകയാണെന്നും റെയിൽവേ മന്ത്രി അഭിപ്രായപ്പെട്ടു. സിൽവർ ലൈനുമായി ബന്ധപ്പെട്ട ബ്രിട്ടാസിന്റെ ചോദ്യത്തിന്, പദ്ധതി സർക്കാറിന്റെ കൈയ്യിലാണെന്നും സർക്കാർ പദ്ധതിക്ക് ആവശ്യമായ സ്ഥലമെടുപ്പ് തുടങ്ങട്ടേയെന്നുമായിരുന്നു അശ്വനി വൈഷ്ണവിന്റെ മറുപടി.