വെബ് ഡെസ്ക് 18 hours, 48 minutes
ധാക്ക: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങി മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് കരാർ ഒപ്പിടാനാണ് തീരുമാനം. കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിൽ ധാരണയിൽ എത്തിയതിനു പിന്നാലെയാണ് ബംഗ്ലാദേശിന്‍റെ തിരക്കിട്ട നീക്കം. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 18 ശതമാനമായി കുറച്ചിരുന്നു. ഇതോടെ അമേരിക്കൻ വിപണിയിലെ ബംഗ്ലാദേശിന്റെ പ്രധാന വരുമാന മാർഗ്ഗമായ വസ്ത്ര വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബംഗ്ലാദേശ് ഭയക്കുന്നു. ഇന്ത്യയെ മറികടക്കാൻ കുറഞ്ഞ നികുതി നിരക്ക് നേടാനാണ് ഈ കരാറിലൂടെ ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.