വോട്ട് തട്ടിപ്പും വോട്ടർ പട്ടികയിലെ ക്രമക്കേടും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാർ യാത്ര’ ബിഹാറിൽ വീണ്ടും സജീവമായി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന യാത്രയാണ് ഇപ്പോൾ പുനരാരംഭിച്ചത്. ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ചന്ദൻ ബാഗ് ചൗക്കിൽ നിന്നാണ് യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങിയത്. ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം വൈകുന്നേരത്തോടെ രാഹുൽ ഗാന്ധിയും യാത്രയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. വോട്ടവകാശം സംരക്ഷിക്കുക, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.