വെബ് ഡെസ്ക് 13 hours, 53 minutes
സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെ സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ അയഞ്ഞത്. കോന്നിയിൽ അടൂര്‍ പ്രകാശ് നിന്നാൽ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ. എന്നിട്ടും എംപിമാര്‍ക്ക് ഇളവ് നൽകേണ്ടെന്ന നിലപാടിൽ അടൂര്‍ പ്രകാശിന് നേതൃത്വം സീറ്റ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കെ സുധാകരന് സീറ്റ് നൽകാനാകില്ലെന്ന കാര്യവും നേതൃത്വം അറിയിക്കുകയായിരുന്നു.ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി ഇന്ന് പുലര്‍ച്ചെ നാട്ടിൽ തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡൽഹിയിൽ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വിഡി സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സുധാകരനെ വിളിച്ച് പാർട്ടി പ്രതിസന്ധിയിലാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന തിരിച്ചറിവും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.അതേസമയം, 37 മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പട്ടിക പൂർത്തിയായി. സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോന്നിയിൽ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിൽ മത്സരിക്കും. കൊച്ചിയിൽ ദീപ്തി മേരി വർഗ്ഗീസിനെ മാറ്റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നൽകി. ലൈംഗിക പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി പകരം മനോജ് മൂത്തേടനെ നിശ്ചയിച്ചു. മൂന്ന് മണ്ഡലങ്ങളിൽ സിപിഎം വിട്ടുപോകുന്ന പ്രമുഖ വിമതരെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയിൽ ജി. സുധാകരൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നിവർക്ക് യുഡിഎഫ് പിന്തുണ നൽകും