വെബ് ഡെസ്ക് 14 hours, 30 minutes
മിഡില്‍ ഈസ്റ്റിലെ യുദ്ധവും ആഭ്യന്തര വിപണിയിലെ ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിറിഞ്ചുകള്‍, ഐവി ബാഗുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യാവശ്യമായ പോളിപ്രൊപ്പിലീന്‍ എന്ന അസംസ്‌കൃത വസ്തുവിന് കിലോയ്ക്ക് 55 രൂപയിലധികമാണ് ഡിസംബര്‍ മുതല്‍ വര്‍ദ്ധിച്ചത്. കോവിഡ് കാലത്തുണ്ടായതിനേക്കാള്‍ വലിയ വിലക്കയറ്റമാണിതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നാലെ ഇന്ധന ലഭ്യതക്കുറവ് കൂടിയായതോടെ വ്യവസായം ഇരട്ടി പ്രഹരമാണ് നേരിടുന്നത്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയിലെ 90 ശതമാനവും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് എന്നതിനാല്‍ നിലവിലെ സാഹചര്യം ഈ മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ്.ഇന്ത്യയുടെ മെഡിക്കല്‍ ഉപകരണ ആവശ്യങ്ങളില്‍ 70 മുതല്‍ 80 ശതമാനം വരെ ഇപ്പോഴും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇത്തരം ആഗോള പ്രതിസന്ധികളില്‍ ഇന്ത്യയെ തളര്‍ത്തുന്നു. മിഡില്‍ ഈസ്റ്റ് വഴിയുള്ള കപ്പല്‍ ഗതാഗത തടസ്സവും ചരക്കുകൂലി വര്‍ദ്ധനവും കാരണം വിദേശത്തുനിന്നുള്ള ഉപകരണങ്ങള്‍ എത്തുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും ഡിസ്‌പോസിബിള്‍ സാധനങ്ങളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ വലിയ മെഡിക്കല്‍ മെഷീനുകള്‍ക്കായി ഇപ്പോഴും വിദേശ വിപണികളെത്തന്നെ ആശ്രയിക്കണം2030-ഓടെ ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണ വിപണി 5000 കോടി ഡോളര്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും നിലവിലെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന പ്രതിസന്ധിയും ഈ സ്വപ്നങ്ങള്‍ക്ക് തടസമാവുകയാണ്. പോളിമെഡിക്യൂര്‍ പോലുള്ള പ്രമുഖ കയറ്റുമതി കമ്പനികള്‍ പോലും ഈ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പിഎല്‍ഐ പോലുള്ള സര്‍ക്കാര്‍ പദ്ധതികളും കൂടുതല്‍ നിക്ഷേപങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇത്തരം ആഗോള പ്രശ്‌നങ്ങളെ മറികടന്ന് ഇന്ത്യയ്ക്ക് ഈ രംഗത്ത് സ്വയംപര്യാപ്തത നേടാന്‍ സാധിക്കൂ.