വെബ് ഡെസ്ക് 5 hours, 48 minutes
ടെഹ്റാൻ: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി ഇറാൻ. യുദ്ധത്തിന്റെ അവസാനം തങ്ങൾ നിർണയിക്കുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് തിരിച്ചടിച്ചു. അമേരിക്കയും ഇസ്രയേലും ഇനിയും തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽനിന്നും ഒരു ലിറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകൾക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ തറപ്പിച്ച് പറയുന്നത്.അതിനിടെ ബഹ്റൈനിലെ മനാമയില്‍ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിലാണ് മരണമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതായി ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ജനറല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. യുദ്ധം ആരംഭിച്ചിട്ട് ഇതുവരെ ഇറാന്‍റെ 164 ഡ്രോണുകളും 95 മിസൈലുകളും തകര്‍ത്തുവെന്നും മന്ത്രാലയം അറിയിച്ചു. യുദ്ധം അവസാനിച്ചെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ശക്തമായ തിരിച്ചടി തുടരുകയാണ്. ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നു അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു