വെബ് ഡെസ്ക് 18 hours, 38 minutes
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 76 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 18.5 ഓവറില്‍ കേവലം 111 റണ്‍സിന് എല്ലാവരും പുറത്തായി. 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63, ഡിവാള്‍ഡ് ബ്രേവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത് ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.ആദ്യ ഓവറില്‍ തന്നെ കിഷന്റെ വിക്കറ്റ് നഷ്ടമായി ഇന്ത്യക്ക്. മാര്‍ക്രമിന്റെ പന്തില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച് നല്‍കിയാണ് കിഷന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയും (1) പുറത്തായി. ജാന്‍സനെ ക്രീസ് വിട്ട് കയറി അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. അഭിഷേക് ശര്‍മ തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. റബാദയ്‌ക്കെതിരെ ഒരു സിക്‌സും ഫോറും നേടി ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും ജാന്‍സന്റെ സ്ലോവറില്‍ പിഴച്ചു. കോര്‍ബിന്‍ ബോഷിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇതോടെ മൂന്നിന് 26 എന്ന നിലയിലായി ഇന്ത്യ. അക്‌സര്‍ പട്ടേലിന് പകരം ടീമിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (11) നിരാശപ്പെടുത്തി. ഇതിനിടെ സൂര്യകുമാറിനെ (18) ബോഷും മടക്കി. അഞ്ചിന് 51 എന്ന അവസ്ഥയിലായി ഇന്ത്യ. 15ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് പേരെയാണ് പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിവരാണ് മടങ്ങിയത്. മൂന്ന് ക്യാച്ചും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനായിരുന്നു. ദുബെയുടെ ഇന്നിംഗ്‌സ് തോല്‍വിഭാരം കൂറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. 19-ാം ഓവറില്‍ ദുബെയും ബുമ്രയും (0) പുറത്തായി. വരുണ്‍ ചക്രവര്‍ത്തി (0) പുറത്താവാതെ നിന്നു.