വെബ് ഡെസ്ക് 14 hours, 16 minutes
സൗദി പ്രൊ ലീഗിലെ അല്‍ റിയാദ് - അല്‍ നാസര്‍ മത്സരം. അല്‍ നാസറിന്റെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പേരുണ്ടായിരുന്നില്ല. പകരക്കാരുടെ നിരയിലും ഇതിഹാസത്തിന് സ്ഥാനം ലഭിച്ചില്ല. പരുക്കുകളില്ലാത്ത, ശാരീരികക്ഷമത പൂര്‍ണമായുമുള്ള ഒരു താരം എന്തുകൊണ്ട് കളത്തിലില്ല, ചോദ്യം ഉയര്‍ന്നു.പ്രതിഷേധസൂചകമായി ക്രിസ്റ്റ്യാനൊ മത്സരം ബഹിഷ്കരിച്ചിരിക്കുന്നു. ഇതായിരുന്നു പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍. സൗദി പ്രോ ലീഗില്‍ എന്താണ് സംഭവിക്കുന്നത്, ക്രിസ്റ്റ്യാനൊയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കാരണമെന്താണ്. സൗദി പ്രോ ലീഗില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന ക്ലബ്ബുകളാണ് അല്‍ ഹിലാല്‍, അല്‍ നാസര്‍, അല്‍ അഹ്ലി, അല്‍ ഇത്തിഹാദ് എന്നിവ. ഈ നാല് ടീമുകളുടേയും 75 ശതമാനം ഉടമസ്ഥാവകാശം സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. പിഐഎഫ് എന്ന് ചുരുക്കി വിശേഷിപ്പിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂ കാസില്‍ യുണൈറ്റഡും പിഐഎഫിന്റെ കീഴിലാണ്. അല്‍ ഇത്തിഹാദ് ഒഴികെയുള്ള മൂന്ന് ടീമുകളും ലീഗിലെ ടോപ് ത്രീയിലുണ്ട്. അല്‍ ഹിലാല്‍ ഒന്നാമതും അല്‍ നസറും അല്‍ അഹ്ലിയും പിന്നിലായും.