വെബ് ഡെസ്ക് 21 hours, 30 minutes
ന്യൂഡല്‍ഹി: ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയിലും മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ അസുഖ ബാധിതരായതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡയിലെ ഡെല്‍റ്റ് വണ്‍ സെക്ടറിലെ ഏകദേശം ഏഴ് കുടുംബങ്ങളാണ് ഛര്‍ദ്ദി, പനി, വയറിളക്കം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ചോര്‍ച്ചയെ തുടര്‍ന്ന് മലിനജലം കുടിവെള്ള വിതരണ ലൈനില്‍ കലര്‍ന്നതാണ് ഇതിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സെക്ടറിന്റെ ചില ഭാഗങ്ങളില്‍ ടാപ്പ് വെള്ളം കുടിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതായുള്ള ആരോപണം ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഇതുവരെ നടത്തിയ പരിശോധനകളില്‍ കുടിവെള്ള വിതരണത്തില്‍ മലിനജലം കലര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയതായി ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. മലിനജലം കവിഞ്ഞൊഴുകുന്നതും പൈപ്പ്ലൈനുകളിലെ ചോര്‍ച്ചയുമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് തദ്ദേശവാസിയും ലോക്കല്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ഋഷിപാല്‍ ഭാട്ടി പറഞ്ഞു.