വെബ് ഡെസ്ക് 2 days
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകൾ രാഷ്ട്രീയപരമായി മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന് ചരിത്രം പറയുന്നു. അത് സമസ്ഥമേഖലകളിലേക്കും പടരും. ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി കളത്തിന് പുറത്തെ കാര്യങ്ങള്‍ കളിയെ ബാധിക്കുകയാണ്. ഇക്കുറിയും ഒരു വശത്ത് ഇന്ത്യയാണ്, മറുവശത്ത് ബംഗ്ലാദേശും. ഇതിനിടയില്‍ ബംഗ്ലാദേശിന്റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്മാനും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. മുസ്തഫിസൂറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമെന്താണ്, അത് ശരിയായ നിലപാട് ആണോ?മുസ്തഫിസൂര്‍ റഹ്മാൻ, ഇടം കയ്യൻ പേസര്‍. രണ്ട് കോടി രൂപയായിരുന്നു ഐപിഎല്‍ മിനി താരലേലത്തിലെ മുസ്തഫിസൂറിന്റെ അടിസ്ഥാന വില. പക്ഷേ, താരത്തെ കോല്‍ക്കത്ത സ്വന്തമാക്കിയത് 9.2 കോടി രൂപയ്ക്കാണ്. അതും ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെയുള്ള ടീമുകളുമായുള്ള കടുത്ത പോരിനൊടുവില്‍. പല പ്രമുഖ ബംഗ്ലാദേശ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും മുസ്തഫിസൂറിന് മാത്രമായിരുന്നു ഫ്രാഞ്ചൈസികളില്‍ നിന്ന് പരിഗണനയുണ്ടായത്. 2026 ഐപിഎല്‍ സീസണ്‍ കളിക്കാനൊരുങ്ങുന്ന ഒരേയൊരു ബംഗ്ലാദേശ് താരം. അതായിരുന്നു മുസ്തഫിസൂറിന്റെ തലക്കെട്ട്. പക്ഷേ, ഐപിഎല്ലിന്റെ പുതുസീസണ്‍ ആരംഭിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്തഫിസൂറിനെ കൊല്‍ക്കത്തയുടെ പർപ്പിളില്‍ കാണാമെന്നുള്ള പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് എല്ലാത്തിന്റെയും ആധാരം, പ്രത്യേകിച്ചും ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍. ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്തു. ധാക്കയിലെ ഇന്ത്യൻ ഹൈ കമ്മിഷനിലേക്ക് പ്രതിഷേധമുണ്ടാകുകയും ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈ കമ്മിഷൻ ഓഫീസിന് മുന്നിലും സമാനസംഭവങ്ങള്‍ അരങ്ങേറി.