വെബ് ഡെസ്ക് 15 hours, 16 minutes
ഗുവാഹത്തി: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറില്‍. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ദിനം സ്റ്റംപെടുക്കുമ്പോല്‍ ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. സെനുരന്‍ മുത്തുസാമി (25), കെയ്ല്‍ വെറെയ്‌നെ (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 49 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഏയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ടണും മികച്ച തുടക്കം നല്‍കിയിരുന്നു. തുടക്കത്തിലെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മാര്‍ക്രം നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ രാഹുല്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ 38 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചായക്ക് ശേഷം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കക്ക് അതേ സ്‌കോറില്‍ റിക്കിള്‍ടന്റെ വിക്കറ്റും നഷ്ടമായി. 35 റണ്‍സെടുത്ത റിക്കിള്‍ടണെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കരുതലോടെ കളിച്ച ബാവുമയും സ്റ്റബ്‌സും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ 150 കടത്തി.