ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയുടേയും ടിവിഎസിന്റെയും ആധിപത്യമാണെങ്കിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി പണംവാരാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് (Yamaha) കൃത്യമായി കഴിയുന്നുണ്ട്. അതിന് സഹായിക്കുന്നതാവട്ടെ ഫാസിനോയെന്ന മിടുക്കൻ ഫാമിലി സ്കൂട്ടറാണ്. പ്രത്യേകിച്ച് ലേഡീസിന്റെ ഗുഡ്ബുക്കിൽ ഇടംനേടാനാണ് ഈ കിടിലൻ മോഡലിനായിട്ടുള്ളത്. അടിക്കടി മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി തിളങ്ങി നിൽക്കാൻ കമ്പനി കാട്ടുന്ന ശ്രമങ്ങൾ ബാക്കിയുള്ള ഉപഭോക്താക്കളെ ചാക്കിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യമഹ മോട്ടോർ ഇന്ത്യ പുതിയ 2025 ഫാസിനോ 125 Fi ഹൈബ്രിഡ് പുറത്തിറക്കിയിരിക്കുകയാണ്.പുതിയ ഫീച്ചറുകൾ, കളർ ഓപ്ഷനുകൾ ഉൾപ്പടെയുള്ള ഗംഭീര നവീകരണങ്ങളോടെയാണ് 2025 ഫാസിനോ 125 Fi ഹൈബ്രിഡ് വിപണിയിലെത്തിയിരിക്കുന്നത്. 80,750 രൂപ മുതൽ 1.03 ലക്ഷം രൂപ വരെ വില വരുന്ന വ്യത്യസ്‌ത വേരിയന്റുകളിലാണ് ഗിയർലെസ് സ്‌കൂട്ടർ വിപണനത്തിന് എത്തുക. പുതിയ TFT ഇൻസ്ട്രുമെന്റ് കൺസോളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന ടോപ്പ്-സ്പെക്ക് വേരിയന്റിനാണ് കൂടുതൽ വില വരുന്നത് എന്നതിനാൽ മുടക്കുന്ന കാശ് വസൂലാണ്.
    പുത്തൻ 2025 ഫാസിനോ 125 ഇപ്പോൾ 'എൻഹാൻസ്ഡ് പവർ അസിസ്റ്റ്' ഫംഗ്ഷനുമായാണ് വരുന്നതെന്ന് യമഹ പറയുന്നു. ഇത് സ്കൂട്ടറിന് മികച്ച ആക്സിലറേഷൻ നൽകുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ സ്ഥിരതയാർന്ന രീതിയിൽ ടോർക്ക് നൽകുന്നതിന് സിസ്റ്റം ഹൈ-പെർഫോമൻസ് ബാറ്ററിയും ഉപയോഗിക്കുന്നു. കൂടാതെ നിശ്ചലാവസ്ഥയിൽ നിന്ന് ഇനിഷ്യൽ ആക്‌സിലറേഷൻ മെച്ചപ്പെടുത്താനും കയറ്റം കയറുമ്പോഴും ഇത് സഹായിക്കും. ഹൈബ്രിഡ് സ്കൂട്ടറിലെ സ്മാർട്ട് മോട്ടോർ ജനറേറ്ററും പുതുക്കിപണിതിട്ടുണ്ടെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇത് സൈലന്റ് സ്റ്റാർട്ടും അനുവദിക്കുന്നുണ്ടെന്നതിനാൽ കൂടുതൽ തലവേദനകളൊന്നുമില്ല. കൂടാതെ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഫാസിനോയിൽ ഒരുക്കിയിട്ടുണ്ട്. പുതുക്കിയ 2025 മോഡലിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ TFT കൺസോളിന്റെ സാന്നിധ്യം പ്രീമിയം ഫീൽ നൽകാൻ സഹായകരമായിട്ടുണ്ട്.
പുതിയ കൺസോൾ Y-കണക്റ്റ് മൊബൈൽ ആപ്പ് വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ 125 സിസി സ്കൂട്ടറിലേക്ക് കൊണ്ടുവരുന്നു, കൂടാതെ സിസ്റ്റം ഗൂഗിൾ മാപ്‌സുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ പരിചയമില്ലാത്ത റോഡുകളിലൂടെയുള്ള യാത്രകളും അനായാസമാക്കും. ഇത് റിയൽ-ടൈം ഡയറക്ഷൻ, ഇന്റർസെക്ഷൻ അലേർട്ടുകൾ, റോഡ് നെയിം എന്നിവയും റൈഡറിനെ കൃത്യമായി അറിയിക്കും.
പുതിയ 2025 യമഹ ഫാസിനോ 125 പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ടോപ്പ്-സ്പെക്ക് S വേരിയന്റ് മാറ്റ് ഗ്രേ നിറത്തിലും ഡിസ്ക് ബ്രേക്ക് വേരിയന്റ് മെറ്റാലിക് ലൈറ്റ് ഗ്രീൻ നിറത്തിലും ഇപ്പോൾ ലഭ്യമാണ്. എൻട്രി ലെവൽ ഡ്രം ബ്രേക്ക് വേരിയന്റിന് പുതിയ മെറ്റാലിക് വൈറ്റ് നിറമാണ് യമഹ സമ്മാനിച്ചിരിക്കുന്നത്. 125 സിസി എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിനാണ് ഫാസിനോയുടെ ഹൃദയം.
E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ 8 bhp കരുത്തിൽ പരമാവധി 10.3 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോകിസുമായാണ് 125 സിസി ഹൈബ്രിഡ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അണ്ടർബോൺ ഷാസിയിലാണ് സ്കൂട്ടറിനെ ഒരുക്കിയിട്ടുള്ളത്. സസ്പെൻഷനായി മുന്നിൽ ഒരു ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ലഭിക്കുക. വേരിയന്റിനെ ആശ്രയിച്ച് ഫ്രണ്ട് ഡിസ്ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളുള്ള 12 ഇഞ്ച് അലോയ് വീലുകളിലാണ് സ്കൂട്ടർ വിപണിയിലെത്തുക. വെറും 99 കിലോഗ്രാം ഭാരം മാത്രമാണ് ഫാസിനോയ്ക്കുള്ളത് എന്നതിനാൽ ലേഡീസിനെല്ലാം അനായാസം കൊണ്ടുനടക്കാനാവും. ഇന്ത്യയിലെ 125 സിസി ഗിയർലെസ് സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയുമായാണ് യമഹ ഫാസിനോയുടെ മത്സരം.