മസ്കിന് ഒരുലക്ഷം കോടി ഡോളർ (ഒരു ട്രില്യൻ) വേതനപ്പാക്കേജ് നൽകാനുള്ള നിർദേശത്തിന് ടെസ്ല ഓഹരി ഉടമകളുടെ യോഗത്തിൽ അംഗീകാരം. സമ്പത്തിന്റെ കാര്യത്തിൽ മറ്റ് ശതകോടീശ്വരൻമാരെ പിന്നിലാക്കി ഇപ്പോൾ തന്നെ ബഹുദൂരം മുന്നിലാണ് ഇലോൺ മസ്ക്. ബ്ലൂംബെർഗ് പട്ടികയിലെ നിലവിലെ കണക്കുകൾ പ്രകാരം 461 ബില്യൻ ഡോളർ (ഏകദേശം 40 ലക്ഷം കോടി രൂപ) ആണ് മസ്കിന്റെ ആസ്തി. തൊട്ടു പിന്നാലെയുള്ള ഓറക്കിൾ മേധാവി ലാറി എലിസണിന്റെ ആസ്തി 303 ബില്യൻ ഡോളർ (26.8 ലക്ഷം കോടി രൂപ) ആണ്. അതേ സമയം, ഒരു കോർപ്പറേറ്റ് നേതാവിന് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പേ ഔട്ടാണെന്ന് ഈ തുകയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.ശമ്പള പാക്കേജിന് 75%-ത്തിലധികം ഓഹരി ഉടമകളിൽ നിന്ന് പിന്തുണ ലഭിച്ചതായി കമ്പനിയുടെ വാർഷിക യോഗത്തിൽ ടെസ്ലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ വേതനപ്പാക്കേജ് അതേ പടി കയ്യിൽക്കിട്ടാൻ മസ്കിന് ചില കടമ്പകൾ കടക്കേണ്ടി വരും. ഇതിനായി കുറച്ചു നിബന്ധനകളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ട പാക്കേജ് ലഭിക്കാൻ ടെസ്ലയുടെ വിപണിമൂല്യം നിലവിലെ 1.54 ട്രില്യൻ ഡോളറിൽനിന്ന് 2 ട്രില്യനിൽ മസ്ക് എത്തിക്കണം. പിന്നീട് വിപണിമൂല്യം 500 ബില്യൻ ഡോളർ വീതം പടിപടിയായി ഉയർത്തി 6.5 ട്രില്യനിൽ എത്തിച്ചാൽ അടുത്ത 9 ഘട്ട പാക്കേജ് മസ്കിന് ലഭിക്കും. വീണ്ടും ഓരോ ട്രില്യൺ വീതം ഉയർത്തി 8.5 ട്രില്യനിൽ എത്തിച്ചാൽ മുഴുവൻ പാക്കേജും മസ്കിന് നൽകാമെന്നാണ് നിബന്ധന.
ഈ പാക്കേജ് കിട്ടുന്നതോടെ നിലവിലെ മസ്കിന്റെ ഓഹരി ശതമാനം 13 ൽ നിന്ന് 25 ആയി ഉയരും. ഇത് കമ്പനിയിലെ കരുത്തനായി തുടരാൻ മസ്കിനെ സഹായിക്കും. 12 തവണകളായാണ് പാക്കേജ് ലഭിക്കുക. വാഹന വിൽപന 2 കോടിയിലേക്ക് ഉയർത്തണം, 10 ലക്ഷം റോബോടാക്സികൾ തുടങ്ങി വേറെയുമുണ്ട് നിബന്ധനകളുടെ ലിസ്റ്റ്.