ടെഹ്റാന്: ഇറാൻറെ കറൻസി എല്ലാക്കാലത്തേയും താഴ്ന്ന നിലയിൽ. തെരുവിൽ പ്രതിഷേധവുമായി ജനം. പണപ്പെരുപ്പം രൂക്ഷമായതോടെയാണ് സാധാരണക്കാർ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. നിലവിൽ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. യുഎസ് ഡോളറിനെതിരെ ഇറാൻ റിയാൽ കൂപ്പുകുത്തിയതിന് പിന്നാലെ ഞായറാഴ്ചയാണ് ടെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം പിന്നാലെ സാധാരണക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇറാനിലെ പ്രമുഖ നഗരങ്ങളായ കറാജ്, ഹമേദാൻ, ക്വെഷം, മലാർഡ്, ഇസ്ഫഹാൻ, കെർമാൻഷാ, ഷിറാസ്, യാസ്ദ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ സമാധാനത്തോടെ കൈകാര്യം ചെയ്യുമെന്നാണ് ഇറാനിയൻ സർക്കാർ നിലവിൽ വിശദമാക്കിയിട്ടുള്ളത്. ഇറാന്റെ സെൻട്രെൽ ബാങ്ക് ഗവർണർ മുഹമ്മദ് റെസ ഫാര്സിന് ഇതിനോടകം രാജി വച്ചിട്ടുണ്ട്. 2022ലാണ് ഫാര്സിന് സെന്‍ട്രല്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റത്. സർവകലാശാല വിദ്യാർത്ഥികൾ അടക്കമാണ് പ്രതിഷേധത്തിൽ അണി നിരന്നിട്ടുള്ളത്.