വെബ് Nov. 15, 2024, 1:12 p.m.
വടക്കഞ്ചേരി ∙ അമേരിക്കൻ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2025 ജനുവരിയിൽ അധികാരമേൽക്കുമ്പോൾ ക്യാബിനറ്റിൽ പാലക്കാട് വടക്കഞ്ചേരിയിൽ വേരുകളുള്ള വിവേക് രാമസ്വാമി എന്ന മുപ്പത്തിയെട്ടുകാരൻ അംഗമാകുന്നതിന്റെ ആഹ്ലാദാരവത്തിൽ നാട്. വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറാണ് വിവേക് രാമസ്വാമിയുടെ പിതാവ് ഡോ.വി.ജി.രാമസ്വാമിയുടെ കുടുംബവീട്.
പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്മെന്റ് ഓഫ് ഗവ.എഫിഷ്യൻസിയുടെ ചുമതല വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്കിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിവേക് രാമസ്വാമിയെ കൂടിയാണ്. ഇതു ചരിത്രനിമിഷമാണെന്നും വിവേക് തന്റെ പ്രയാണം തുടങ്ങിയിട്ടേ ഉള്ളൂ എന്നുമാണ് വടക്കഞ്ചേരിയിലെ കുടുംബാംഗങ്ങൾ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രാഥമിക റൗണ്ടുകളിൽ വിവേക് രാമസ്വാമിയുടെയും പേര് റിപ്പബ്ലിക്കൻ പാർട്ടി ആദ്യം ഉയർത്തിക്കാണിച്ചിരുന്നു.