വെബ് May 22, 2024, 2:38 p.m.
കൊച്ചി - പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മത്സ്യക്കർഷകരുടെ പ്രതിഷേധം കനത്തു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു. പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. അതേസമയം, ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി ശക്തമായ സമരമാണ് മലിനീകരണ നിയന്ത്രണ ബോർഡിനു മുന്നിൽ നടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തുപൊങ്ങിയിരിക്കുന്നത്. പെരിയാറിൽ കൂടുകൾ ഒരുക്കി ഇതിൽ മത്സ്യകൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്. മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെ പെരിയാർ വലിയ തോതിൽ മലിനമായി. ഈ മത്സ്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം എന്നും കർഷകർ ആവശ്യപ്പെടുന്നു.
None