വെബ് Dec. 29, 2025, 3:35 p.m.
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടില്‍ മഹ്റൂഫ് - റുമാന ദമ്പതികളുടെ മകന്‍ അസ്ലം നൂഹ് ആണ് മരിച്ചത്.വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മണ്ണ് വാരി വിഴുങ്ങുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന ചെറിയ കല്ലുകള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കല്ല് തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നുണ്ടായ കടുത്ത ശ്വാസതടസമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ശ്വാസനാളത്തില്‍ കല്ല് കുടുങ്ങിയത് ശ്വസനപ്രക്രിയ പൂര്‍ണമായും തടസപ്പെടുന്നതിലേക്ക് നയിക്കുകയായിരുന്നു. കല്ല് വിഴുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാടിനെയാകെ നൊമ്പരപ്പെടുത്തിയ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ നിരവധിപ്പേരാണ് വീട്ടിലെത്തിയത്. അസ്ലം നൂഹിന്റെ ഖബറടക്കം ഇന്ന് രാവിലെ പള്ളിക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.
.