വെബ് Nov. 24, 2025, 3:30 p.m.
ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്. കേസിൽ അനിതയുടെ ആൺ സുഹൃത്ത് മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനിയെയും പോലിസ് അറസ്റ്റു ചെയ്തു. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയുള്ള കൊലപാതകം. രജനിയുടെ കൈനകരിയിലെ വീട്ടിൽ വച്ച് പ്രബീഷ് യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് കേസന്വേഷിച്ച നെടുമുടി പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആലപ്പുഴ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ വിധിച്ചു.
.