വെബ് Aug. 23, 2025, 4:40 p.m.
തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (4) എന്നിവരെ വീട്ടിൽ നിന്ന് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്.ഭർത്താവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. ഓൺലൈനിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം ഇവരെ അസാമിലേക്ക് വിട്ടു. തിരുവനന്തപുരം എയർപ്പോർട്ടിലെ CISF ഉദ്യോഗസ്ഥനാണ് ഭർത്താവ് പൂനം ചന്ദ്രബോസ്. അസമിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റൂമിയും കുഞ്ഞും ഈ മാസം 13 -ാം തീയതി വീട്ടിൽ നിന്ന് പോകുന്നത്. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചന്ദ്രബോസ് പൊലീസിനോട് പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ തൃശൂർ കേന്ദ്രീകരിച്ചായിരുന്നു ഫോർട്ട് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.
.