വെബ് April 10, 2025, 12:26 p.m.
സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിലാണ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ആശങ്കയിൽ കഴിയുന്നത്. ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് ജലവിഭവ വകുപ്പിൻ്റെ പരിധിയിലുള്ള അണക്കെട്ടുകളുടെ ബഫർസോൺ പരിധി വ്യാപിക്കിപ്പാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിനൊടുവിലാണ് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്ഇബി സമാന നടപടിക്ക് ഒരുങ്ങുന്നത്. ജലാശയത്തിൽ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തു നിന്ന് 20 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിർമ്മാണ നിരോധവനും 1000 മീറ്റർ പരിധിയിൽ നിർമ്മാണങ്ങൾക്ക് എൻ ഒ സി നിർബന്ധമാക്കാനുമാണ് ലക്ഷ്യം. ഈ രീതിയിലുള്ള നിയന്ത്രണങ്ങൾ വന്നാൽ ഇടുക്കിയിൽ മാത്രം ഒരു നഗരസഭയും 23 പഞ്ചായത്തുകളും ഉൾപ്പെടുന്ന ജനവാസമേഖലയെ അത് പ്രതികൂലമായി ബാധിക്കും.