ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും യുദ്ധമുഖത്തേയ്ക്ക് കടന്നതോടെ, രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.
   
എണ്ണവില രണ്ടുശതമാനമാണ് ഉയര്‍ന്നത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ആക്രമണത്തിന് ഇറാന്‍ എങ്ങനെയാണ് തിരിച്ചടി നല്‍കാന്‍ പോകുന്നത് എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതും എണ്ണവിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.