ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ വിവിധ മേഖലകളില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ ആഗോള വിപണിയെ ഉലയ്ക്കുന്നു. അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ന് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികളിലും വന്‍തോതില്‍ ഇടിവ് രേഖപ്പെടുത്തി. അമേരിക്കന്‍ എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക് പുറത്തിറക്കിയ പുതിയ സാങ്കേതിക വിദ്യയാണ് വിപണിയില്‍ പരിഭ്രാന്തി പടര്‍ത്തിയത്. കമ്പനി അവതരിപ്പിച്ച ടൂള്‍, കരാര്‍ പരിശോധനകള്‍ , കംപ്ലയന്‍സ് ജോലികള്‍ തുടങ്ങിയവ ഓട്ടോമേറ്റ് ചെയ്യാന്‍ പ്രാപ്തമാണ്. ഇത് ഐടി ഔട്ട്സോഴ്‌സിംഗ് മേഖലയുടെ നിലനില്‍പ്പിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്ന നിക്ഷേപകരുടെ ഭീതിയാണ് ഓഹരി വില കുറയാന്‍ ഇടയാക്കിയത്. കൂടാതെ, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ലെന്ന സൂചനകളും കയറ്റുമതി കേന്ദ്രീകൃതമായ ഐടി മേഖലയ്ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ ആറ് ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് ഏഷ്യന്‍ വിപണികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. ജപ്പാനിലെ വിപണികളില്‍ വലിയ ഇടിവുണ്ടായപ്പോള്‍, ദക്ഷിണ കൊറിയന്‍ വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി