ലയണൽ മെസിയും സംഘവും ഈ വർഷം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷകൾക്കു മേൽ ആശങ്കയുടെ കരിനിഴൽ. അർജന്റീന ടീം ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്തിയേക്കില്ലെന്നും, ഈ സമയത്ത് ചൈന സന്ദർശിച്ചേക്കുമെന്നും അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് നേടിയ ഖത്തറിലും ഈ വർഷം തന്നെ സൗഹൃദ മത്സരത്തിനായി അർജന്റീന ടീം എത്തുമെന്നും റിപ്പോർട്ടുണ്ട്.
    ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായ ശേഷം ആഫ്രിക്കയിലും ഏഷ്യയിലും സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന അർജന്റീന, ഇന്ത്യയിലേക്കു വരുന്നതിന്റെ സൂചനകളൊന്നും പുറത്തുവിടാത്തതാണ് അഭ്യൂഹങ്ങൾക്കു പിന്നിൽ. മാത്രമല്ല, കേരളത്തിൽ കളിക്കാനെത്തുമെന്ന് കായികമന്ത്രി വി.അബ്ദു റഹിമാൻ പ്രഖ്യാപിച്ച അതേസമയത്ത് ചൈനയിൽ സന്ദർശനം നടത്തുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തു.