നമ്മുടെ ശരീരത്തിന് അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. തീവ്രമായ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്‌ത് പരിശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അല്‍പം അധികം വേണ്ടി വരാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ചിലപ്പോഴൊക്കെ പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കേണ്ടി വന്നേക്കാം. എന്നാല്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നത് വൃക്ക നാശം ഉണ്ടാക്കും, അവയിലെല്ലാം സ്‌റ്റിറോയ്‌ഡുകളാണ്, അത് പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണ് എന്നിങ്ങനെയുള്ള പല തെറ്റിദ്ധാരണകളും നമ്മുടെ ഇടയിലുണ്ട്. ഇത്തരം മിഥ്യാധാരണകളെ അകറ്റുകയാണ് എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രീഷനിസ്റ്റും ഫിറ്റ്‌നസ് വിദഗ്‌ധയുമായ ശിഖ സിങ്. പ്രോട്ടീന്‍ പൗഡറുകളെ പറ്റി ഇനി പറയുന്ന തെറ്റിദ്ധാരണകള്‍ വേണ്ടെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു.
    ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രോട്ടീന്‍ സപ്ലിമെന്റുകളില്‍ ഒന്നായ വൈ പ്രോട്ടീന്‍ പാലുത്‌പാദനത്തിന്റെ ഒരു ഉപോത്‌പന്നം മാത്രമാണ്. ഇത് അരിച്ച്, ശുദ്ധീകരിച്ച്, ഉണക്കി പൗഡര്‍ രൂപത്തിലാക്കിയെടുക്കുന്നതാണ്. അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഇവ സുരക്ഷിതമാണ്.
ഭക്ഷണത്തില്‍ നിന്ന് ആവശ്യമുള്ള പ്രതിദിന പ്രോട്ടീല്‍ ലഭിക്കാത്ത ആര്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കാം. അതിന് സ്‌ത്രീ-പുരുഷ ഭേദമില്ല. നമ്മുടെ ശരീരഭാരത്തിന്റെ ഓരോ കിലോയ്‌ക്ക് ഓരോ ഗ്രാം വീതം പ്രോട്ടീന്‍ പ്രതിദിനം കഴിക്കണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. അതായത് 60 കിലോയുള്ള ഒരാള്‍ക്ക് ദിവസം 60 ഗ്രാം പ്രോട്ടീന്‍ മതിയാകും.