സവിശേഷമായ രുചിയുള്ള ഒരു കാപ്പിയാണ് ഐവറി. എന്നാല്‍ യഥാർത്ഥത്തിൽ ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ രുചിയല്ല, മറിച്ച് അസാധാരണമായ ഉൽപാദന പ്രക്രിയയാണ്. ആനകളാണ് ഈ കാപ്പിക്ക് വില കൂട്ടുന്ന പ്രധാന 'ഇടനിലക്കാര്‍' എന്ന് പറയാം. അതെങ്ങനെയെന്നല്ലേ? ആനയുടെ പിണ്ടത്തില്‍ നിന്നാണ് ഈ കോഫി ഉണ്ടാക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി, കിലോഗ്രാമിന് 2,000 ഡോളര്‍ അഥവാ ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് ഇതിനു വില വരുന്നത്. എന്താണിതിനു കാരണം?
    ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇത്രയും ഉയര്‍ന്ന വില ഉണ്ടാവാന്‍ കാരണം. ഒരു കിലോഗ്രാം ബ്ലാക്ക് ഐവറി കാപ്പി ഉത്പാദിപ്പിക്കാൻ ഏകദേശം 33 കിലോഗ്രാം കാപ്പി കുരുക്കള്‍ ആവശ്യമാണ്. കാരണം, കഴിക്കുന്ന കുരുക്കളുടെ ഭൂരിഭാഗവും ആനകൾ ദഹിപ്പിക്കുന്നു, ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗയോഗ്യമാകൂ.
ഐവറി കോഫി ഉണ്ടാക്കാന്‍ ഏറ്റവും മികച്ച തായ് അറബിക്ക കാപ്പിക്കുരു മാത്രമേ തിരഞ്ഞെടുക്കൂ. ഈ ബീൻസ് ശ്രദ്ധാപൂർവ്വം കഴുകി തരംതിരിക്കുന്നു. ഇവ ആനകളെക്കൊണ്ട് തീറ്റിക്കുന്നു.
ആനയുടെ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ, കാപ്പിക്കുരുക്കല്‍ ഒരു സവിശേഷമായ അഴുകൽ പ്രക്രിയയ്ക്ക് വിധേയമാകുന്നു. ആനയുടെ വയറ്റിലെ എൻസൈമുകൾ കാപ്പിയിലെ കയ്പ്പിന് കാരണമാകുന്ന പ്രോട്ടീനുകളെ തകർക്കുന്നു. അപ്പോള്‍ കൂടുതല്‍ ചോക്ലേറ്റി രുചിയുള്ള, മൃദുവായതും അസിഡിറ്റി കുറഞ്ഞതുമായ കുരുവായി മാറുന്നു.