മൊകവൂർ മാവട്ടിലാണ് യജമാന സ്നേഹം കാത്ത 'റോട്ട് വീലർ' ഇനത്തിൽപെട്ട നായ, ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി കൊന്നു അൽപ സമയത്തിനകം പാമ്പിന്റെ കടിയേറ്റു ചത്തത്.മാവാട്ട് ഉണ്ണിയുടെ വീട്ടിലെ ‘ജിക്കി’ എന്ന 9 വയസ്സുകാരനായ നായയാണ് ചത്തത്. രാവിലെ വീട്ടുവളപ്പിലെ കൃഷിയിടത്തിൽ പുല്ലുവെട്ടി മാറ്റാൻ പോയ ഉണ്ണി, വാഴ വെട്ടിയതോടെയാണ് കൂട്ടിൽ കിടന്ന നായ കുരച്ചത്.
    സംശയം തോന്നി നായയെ കൂട്ടിൽ നിന്നു പുറത്തേക്കു വിട്ടു. നായ ഓടി വാഴയുടെ സമീപത്തെത്തി നിലത്തെ ഇലകൾക്കിടയിൽ നിന്നു മൂർഖൻ പാമ്പിനെ പുറത്തേക്കിട്ടു. നായയുടെ കടിയേറ്റ മൂർഖൻ അവശനിലയിലായി. തുടർന്നു പാമ്പിനെ നായ മുറ്റത്തെത്തിച്ചു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നായയുടെ കാലുകൾ കുഴഞ്ഞു. ഉടനെ വീട്ടുകാർ കരുവിശ്ശേരിയിലെ ഡോക്ടറുടെ വീട്ടിൽ എത്തിച്ചെങ്കിലും ചത്തു. പാമ്പിന്റെ വിഷം രക്തത്തിൽ കലർന്നതാണ് മരണ കാരണമെന്ന് ഡോക്ടർ പറഞ്ഞു.