വെബ് ഡെസ്ക്
April 19, 2025, 12:18 p.m.
    യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മോസ്കോയിൽ നിന്നും കൈവിൽ നിന്നുമുള്ള ചർച്ചകളിന്മേൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ വാഷിംഗ്ടണിൽ നിന്നുമുള്ള മധ്യസ്ഥത ഉപേക്ഷിക്കുനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനം സാധ്യമല്ലെങ്കിൽ അമേരിക്ക ചർച്ചകളുപേക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പാരീസിൽ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
    വെടിനിർത്തലിനായി ട്രംപ് ഇരുപക്ഷത്തെയും സമീപിച്ച് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇതിന് വഴങ്ങാതെ മാറി നിൽക്കുകയാണ്. ഇതു സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടടക്കം ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ദിവസക്കണക്കൊന്നുമില്ലെന്നും, ചർച്ച ഫലം കണ്ടില്ലെങ്കിൽ അമേരിക്ക ഇടപെടുന്നത് ഉടൻ നിർത്തുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. വേഗത്തിൽ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു.