എകാഗ്രഹിന് വെറും 4 മാസം പ്രായമുള്ളപ്പോഴാണ് മുത്തച്ഛൻ 240 കോടി രൂപയുടെ ഓഹരികൾ സമ്മാനിച്ചത്. അതും ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ. എകാഗ്രഹ് രോഹൻ മൂർത്തിക്ക് (Ekagrah Rohan Murty) ഇപ്പോൾ വയസ്സ് ഒന്നര. ഇൻഫോസിസിന്റെ (Infosys) ഏറ്റവും പുതിയ ലാഭവിഹിതമായി ഏകാഗ്രഹിനെ കാത്തിരിക്കുന്നത് 3.3 കോടി രൂപ. ഇതോടെ, ഈ ഒന്നര വയസ്സിനുള്ളിൽ മാത്രം ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഈ കോടീശ്വരൻ സ്വന്തമാക്കുന്ന ലാഭവിഹിതം 10.65 കോടി രൂപയാകും.2023 നവംബറിലാണ് ഏകാഗ്രഹ് ജനിച്ചത്. ഏകാഗ്രഹിന്റെ കൈവശമുള്ള ഇൻഫോസിസ് ഓഹരികൾ കമ്പനിയുടെ മൊത്തം ഓഹരികളുടെ 0.04 ശതമാനം വരും.
    ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇൻഫോസിസ് പുറത്തുവിട്ടു. സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 7,969 കോടി രൂപയിൽ നിന്ന് 12% കുറഞ്ഞ് 7,033 കോടി രൂപയാണ്. വരുമാനം 8% ഉയർന്ന് 40,925 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ 37,923 കോടി രൂപയായിരുന്നു.