‘ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ'വെന്ന ജോലി ഒഴിവ് അറിയിപ്പുമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി രംഗത്ത് എത്തിയത് വിവാദങ്ങൾക്ക് കാരണമായി. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി.
    ലണ്ടനിലെ ഇൽഫോഡിൽ പ്രവർത്തിക്കുന്ന അവന്താവോ ടെക്നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്ഡോർ ഉൾപ്പടെയുള്ള റിക്രൂട്ട്മെന്റ് സൈറ്റുകളിൽ ഡെവലപ്പ്പമെന്റ് എൻജിനീയർ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നൽകിയത്. അറിയിപ്പിൽ 'നിങ്ങൾ യുകെയിൽ ജോലിക്കായി സ്പോൺസർഷിപ്പ് തേടുകയാണോ?', 'നിങ്ങളുടെ മാതൃരാജ്യം ഏതാണ്?' എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു.