ന്യൂയോർക്ക്∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യയിൽ നിന്നുള്ള സംഘം യുഎസില്‍ എത്തി റാണയെ കൈമാറുന്നതിനുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കിയെന്നാണ് വിവരം. ഇന്ന് ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ഇന്ത്യ നടപടികൾ വേഗത്തിലാക്കുന്നത്.
    പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ തടങ്കൽ കേന്ദ്രത്തിലാണുള്ളത്. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ തഹാവൂർ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു.