പൊലീസിനെ വെട്ടിച്ച് 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം. ജീവിതത്തിൽ ഇന്നുവരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ആൽവിൻ ലഹരി വിറ്റാണ് പണം കണ്ടെത്തിയത്. 17,000 രൂപയുടെ ഷൂസ് ആണു ധരിച്ചിരുന്നത്. 14 ലക്ഷം രൂപ വിലവരുന്ന കാറും ബൈക്കും സ്വന്തം പേരിലുണ്ടായിരുന്നു.
    തൃശൂരിലെ പ്രമുഖ സ്കൂളിൽനിന്നു പ്ലസ്ടു പൂർത്തിയാക്കാതെ പുറത്തിറങ്ങിയശേഷം മുഴുവൻ സമയ ലഹരി വിൽപനയിലേക്കു മാറി. ഓരോ മാസവും 7 ലക്ഷം രൂപ വരെ ആൽവിന്റെ അക്കൗണ്ടിൽനിന്നു കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായാണു പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്.
ബെംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിൽ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട ആൽവിനെ 3 സംസ്ഥാനങ്ങളിലൂടെ 9 ദിവസം പിന്തുടർന്നാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 70 ഗ്രാം രാസലഹരിയും 4 കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആൽവിനും പ്രായപൂർത്തിയാകാത്ത 3 സുഹൃത്തുക്കളും പിടിക്കപ്പെട്ടത്.