ഓഹരി വിപണിയില്‍ ഇന്ന് വന്‍തകര്‍ച്ച നേരിട്ട് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍. ഇന്നത്തെ കനത്ത നഷ്ടത്തില്‍ ടാറ്റ ഗ്രൂപ്പിലെ ഓഹരികളുടെ ആകെ നഷ്ടം 1 ലക്ഷം കോടിയിലേറെ രൂപയാണ്. ടാറ്റ ഗ്രൂപ്പ് ഓഹരികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ലിമിറ്റഡ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ട്രെന്‍റ് ലിമിറ്റഡ് എന്നിവയില്‍ വലിയ നഷ്ടം രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ട്രെന്‍റ് എന്നിവയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്.
    ടാറ്റ മോട്ടോഴ്സിന്‍റെ യുകെ ആസ്ഥാനമായുള്ള അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഏപ്രില്‍ 7 മുതല്‍ യുഎസിലേക്കുള്ള വാഹന കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ 8.41% ഇടിഞ്ഞ് 562.20 രൂപയായി. ട്രംപ് ഭരണകൂടം വിദേശ വാഹനങ്ങള്‍ക്ക് അടുത്തിടെ 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് മറുപടിയായാണ് ഈ നീക്കം.