ലണ്ടൻ– മുംബൈ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാർ 40 മണിക്കൂറിലധികമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഏപ്രിൽ 2നു ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിഎസ് 358 വിമാനം മെഡിക്കൽ എമർജൻസി മൂലം ദിയാർബക്കിർ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതിനെ തുടർന്നു റദ്ദാക്കുകയായിരുന്നെന്നു വിമാനക്കമ്പനി പ്രതിനിധി പറഞ്ഞു. ലാൻഡിങ്ങിനു ശേഷം വിമാനത്തിനു സാങ്കേതിക തകരാറുണ്ടായി. ഇതു നിലവില്‍ പരിശോധനയിലാണ്.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും കുടുംബാംഗങ്ങളും അവിടെ നേരിടുന്ന പ്രശ്‌നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.
    വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന മുന്നൂറോളം യാത്രക്കാർക്കായി ഒറ്റ ശുചിമുറി മാത്രമേയുള്ളൂവെന്നും കുറഞ്ഞ താപനിലയിൽ തണുപ്പിനെ നേരിടാൻ പുതപ്പുകൾ നൽകിയിട്ടില്ലെന്നും പരാതികളുണ്ടായി. കാലതാമസവും അനിശ്ചിതത്വവും മൂലം യാത്രക്കാർ വിമാനത്താവള സീറ്റുകളിൽ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.