മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 27 നാണ് ആഗോള റിലീസായി എത്തുന്നത്. കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലുമെല്ലാം എമ്പുരാൻ തരംഗമാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസം, ഈ ചിത്രം കാണുവാനായി ജോലിക്കാർക്ക് പ്രത്യേക സ്‌ക്രീനിങ് ഒരുക്കിയിരിക്കുകയാണ് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്യൂഗോ. ജീവനക്കാർക്കെല്ലാം അവധി നൽകുന്നതോടൊപ്പമാണ് പ്രത്യേക സ്‌ക്രീനിങ് ഒരുക്കിയിരിക്കുന്നത്.
    ജീവനക്കാർക്ക് എച്ച്ആർ അയച്ചിരിക്കുന്ന മെയിൽ പുറത്തുവന്നിട്ടുണ്ട്. ‘ഗെറ്റ് റെഡി ഫോർ എ മൂവി ഡേ’ എന്ന രീതിയിലായിരുന്നു ജീവനക്കാർക്ക് സന്ദേശം എത്തിയത്. എമ്പുരാന്റെ റിലീസിനോടനുബന്ധിച്ച് കോളജിന് വരെ അവധി നൽകിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് അവധി നൽകികൊണ്ട് കമ്പനികളും രംഗത്തെത്തുന്നത്.