വെബ് ഡെസ്ക്
March 18, 2025, 11:45 a.m.
    ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത് മികച്ച പ്രേക്ഷകപ്രീതി നേടിയ കോമഡി എന്റർടൈനർ ചിത്രം ബ്രോ ഡാഡിയിലെ മോഹൻലാലിന്റെ വേഷത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
“മമ്മൂക്കയോടാണ് ആദ്യം ബ്രോ ഡാഡിയുടെ കഥ പറയുന്നത്, ഒരു കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ, ക്രിസ്ത്യൻ കുടുംബത്തിലെ തോട്ടം ഉടമയായ ഒരു കഥാപാത്രമാക്കി ജോൺ കാറ്റാടിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം. അതിലെ പ്രണയരംഗങ്ങളൊക്കെ അദ്ദേഹം ചെയ്യുമ്പോൾ വളരെ ക്യൂട്ട് ആയി തോന്നുമെന്ന ധാരണയിൽ ഞാൻ മമ്മൂക്കയോട് കഥപറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഡേറ്റ് ഇഷ്യൂ കാരണം അദ്ദേഹത്തിന് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല” പൃഥ്വിരാജ് പറഞ്ഞു.
    എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ ഭരധ്വാജ് രംഗനുമായി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. മാർച്ച് 27 വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മൂന്നര മിനുട്ട് ദൈർഘ്യം വരുന്ന ട്രെയ്‌ലർ അടുത്ത് തന്നെ പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചെന്നൈയിൽ ലൂസിഫറിന്റെയും എമ്പുരാന്റെ ടീസറിന്റെയും സ്പെഷ്യൽ സ്ക്രീനിംഗ് പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.