ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ, ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിലെ നിർണായക സ്ഥാനത്തുനിന്ന് രാജി. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ തുടക്കമിട്ട സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ തലവൻ നിതിൻ പട്ടേലാണ് സ്ഥാനം രാജിവച്ചത്.
    ഇന്ത്യൻ ടീമിന്റെയും ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെയും മുൻ ഫിസിയോ കൂടിയാണ് നിതിൻ പട്ടേൽ. ഇതിനകം ബിസിസിഐ ഉന്നതർക്ക് രാജിക്കത്ത് സമർപ്പിച്ച നിതിൻ, നിലവിൽ നോട്ടിസ് പീരിയഡിലാണെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. നിതിൻ അധികം വൈകാതെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) വിടുമെന്നാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ പകരക്കാരനെ കണ്ടെത്താനായി ബിസിസിഐ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകും.പരുക്കേൽക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിദഗ്ധ ചികിത്സയും ജോലിഭാരം ക്രമീകരിക്കുന്നതും ഉൾപ്പെടെ നിർണായക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് നിതിൻ പട്ടേൽ.