പാലുൽപന്നങ്ങളും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ടിനോ മറ്റേതെങ്കിലും ചർമരോഗങ്ങൾക്കോ കാരണമാകും എന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ല. ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തെ മെലാനോസൈറ്റുകൾ എന്ന പിഗ്മെന്റ് കോശങ്ങൾ അബദ്ധത്തിൽ ആക്രമിക്കുന്നതു വഴി ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് വെള്ളപ്പാണ്ട്. ഇതിന് ജനിതകമോ പാരിസ്ഥിതികമോ, ഓട്ടോ ഇമ്മ്യൂൺ കാരണങ്ങളോ ഉണ്ടാകാം. എന്തായാലും പാലും മത്സ്യവും ഒരുമിച്ച് കഴിച്ചിട്ടല്ല വെള്ളപ്പാണ്ട് വരുന്നത്.
    ഈ ഭക്ഷണ കോമ്പിനേഷൻ ഇത്തരത്തില്‍ ഡീ പിഗ്മെന്റേഷന്‍ ഡിസോർഡറുകൾക്ക് കാരണമാകും എന്ന് തെളിയിക്കുന്ന ഒരു ക്ലിനിക്കൽ പഠനവിവരണങ്ങളും ലഭ്യമല്ല. സ്കാൻഡിനേവിയൻ, മെഡിറ്ററേനിയൻ ഭക്ഷണരീതികളുള്‍പ്പെടെ ലോകത്തെ മിക്ക ഭക്ഷണരീതികളിലും പാലും മത്സ്യവും ഒരുമിച്ചു വരുന്നുമുണ്ട്.എന്നാൽ പാലും മീനും ഒരുമിച്ച് കഴിക്കുന്നത് ചിലർക്ക് വയറു കമ്പിക്കാനും അസ്വസ്ഥതയ്ക്കും കാരണമാകും. ലാക്ടോസ് ഇന്ടോളറൻസ് ഉള്ളവർക്കാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. ധൈര്യമായി പാലുൽപന്നങ്ങളും മത്സ്യവും ഒരുമിച്ച് രുചികരമായി കഴിക്കാവുന്നതാണ്. ചർമത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ശാസ്ത്രം പറയുന്നു.