വെബ് ഡെസ്ക്
March 12, 2025, 11:18 a.m.
    ഭാരതി എയർടെൽ സ്പേസ് എക്സുമായി കരാറുണ്ടാക്കി തൊട്ടടുത്ത ദിവസമാണ് ജിയോയും സ്റ്റാർലിങ്കുമായി സഹകരണം പ്രഖ്യാപിച്ചത്. ഡാറ്റാ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാക്കളായ ജിയോയും ഏറ്റവും വലിയ
സ്വകാര്യ ഉപഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കും തമ്മിലുള്ള കരാർ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ മികച്ച ബ്രോഡ് ബാൻഡ് സേവനം എത്തിക്കാൻ ഉപകരിക്കുമെന്ന് ജിയോ അവകാശപ്പെട്ടു. ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കും.
    നേരത്തെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിനുള്ള സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ജിയോയും സ്പേസ് എക്സും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ജിയോ ലേലത്തെ പിന്തുണച്ചപ്പോൾ സ്പേസ് എക്സ് ഇതിന് എതിരായിരുന്നു. ഭരണപരമായ തീരുമാനത്തിലൂടെ സ്പെക്ട്രം അനുവദിക്കുന്നതിനാണ് അവർ വാദിച്ചത്. കേന്ദ്ര സർക്കാർ ഒടുവിൽ സ്പേസ് എക്സിന്റെ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു.