പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, മണിചിത്രത്താഴിലെ ഭാസുര തുടങ്ങി മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളായി സ്‌ക്രീനില്‍ ലളിത ജീവിച്ചു. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിലേറെ കെപിഎസി ലളിത നിറഞ്ഞാടി. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ (Thoppil Bhasi) കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതൻ്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനും സംവിധായകനുമാണ്.
   
കലാരംഗത്ത് ഉന്നതസ്ഥാനത്തേക്കെത്തിയെങ്കിലും ലളിതമായിരുന്നു കെപിഎസി ലളിതയുടെ ജീവിതം. കൂടുതലും പ്രത്യക്ഷപ്പെട്ടത് നാടന്‍ വേഷങ്ങളില്‍. പരദൂഷണവും കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും വിടുവായത്തവുമുള്ള അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍ എന്നിങ്ങനെ ലളിത അനശ്വരമാക്കിയ കഥാപാത്രങ്ങളേറെ. നമുക്കു ചുറ്റുമുള്ളവരോ, നാം തന്നെയോ എന്ന് സംശയിച്ചുപോകുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍.