കൊല്ലം∙ മോട്ടർ വാഹന വകുപ്പിന്റെ എം–പരിവാഹൻ ആപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സൈബർ തട്ടിപ്പ് വ്യാപകം. വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേന മെസേജുകളും വാട്സാപ് സന്ദേശങ്ങളും പ്രചരിക്കുകയാണ്.
   
സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവർക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സാപ്പിൽ മെസേജ് അയച്ചാണ് തട്ടിപ്പ്. പിഴത്തുക അടയ്ക്കാൻ എപികെ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. എന്നാൽ ഇത്തരത്തിൽ എം–പരിവാഹന് എപികെ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും ട്രാൻസ്പോർട്ട് കമ്മിഷണർ സി. നാഗരാജു പറഞ്ഞു. ഒറ്റ നോട്ടത്തിൽ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തിൽ ചലാൻ നമ്പർ 14 അക്കമാണ്. എന്നാൽ യഥാർഥ ചലാനിൽ 19 അക്കമുണ്ട്. ബെംഗളൂരു സിറ്റി പൊലീസിന്റെ പ്രൊഫൈൽ ഉള്ള നമ്പറിൽ നിന്നാണ് കൂടുതൽ തട്ടിപ്പും നടന്നിട്ടുള്ളത്.