ജറുസലം ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ നിന്ന് മടങ്ങാനൊരുങ്ങുമ്പോൾ ഇസ്രയേൽ തലസ്ഥാനനഗരത്തിൽ വ്യോമാക്രമണം മുന്നറിയിപ്പുമായി സൈറൺ മുഴങ്ങി. വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവച്ചു തകർത്ത ഹിസ്ബുല്ലയുടെ റോക്കറ്റുകളിൽനിന്നുള്ള പുക ബ്ലിങ്കൻ താമസിച്ച ഹോട്ടലിൽനിന്നു കാണാമായിരുന്നു.
    ഗാസ യുദ്ധം തുടങ്ങിയശേഷം 11–ാം തവണയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലെത്തുന്നത്. ഇത്തവണയും സമാധാനത്തിന് ഒരുറപ്പും കിട്ടാതെ ബ്ലിങ്കൻ സൗദി അറേബ്യയിലേക്കു യാത്ര തുടരുമ്പോൾ, തെക്കൻ ലബനനിലെ പൗരാണിക തുറമുഖ നഗരമായ ടയറിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി.
യുനെസ്കോയുടെ പൈതൃകപട്ടികയുള്ള നഗരം തെക്കൻ ബെയ്റൂട്ടിൽനിന്ന് 80 കിലോമീറ്റർ അകലെയാണ്. നഗരവാസികളോട് ഒഴിഞ്ഞുപോകണമെന്ന് ഓൺലൈനിലൂടെ ആവശ്യപ്പെട്ടിരുന്നു.