ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കു നീങ്ങുകയാണ് ഹരിയാന. തിരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന സംസ്ഥാനം. ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ കോട്ടയായിരുന്ന ഹരിയാനയിൽ പക്ഷേ ഇക്കുറി കാര്യങ്ങൾ ഭരണകക്ഷിക്ക് എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യാ മുന്നണിയുടെ കീഴിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചതോടെ ലോക്സഭയിൽ ബലാബലം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിരുന്നു.
    90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പത്ത് സീറ്റുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടി (ജെജെപി) പിന്തുണച്ചതോടെയാണ് ബിജെപി വീണ്ടും അധികാരത്തിൽ എത്തിയത്. ഇതിനായി ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദവി നൽകി ബിജെപി കൂടെ നിർത്തി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി– ജെജെപി സർക്കാർ നിലം പൊത്തുകയായിരുന്നു.